Society Today
Breaking News

തിരുവനന്തപുരം: ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ ഹൈവേയിലേക്ക് കേരളത്തെയും അടയാളപ്പെടുത്തി കേരളത്തിന്റെ സ്വന്തം ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ കെഫോണ്‍ (കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഉയര്‍ന്ന സ്പീഡിലും മികച്ച ഗുണനിലവാരത്തിലും ഇന്‍ര്‍നെറ്റ് സേവനം ഉറപ്പാക്കിയാണ് കെഫോണ്‍ കേരളത്തിന്റെ ഡിജിറ്റല്‍ മുന്നേറ്റത്തിന് കരുത്താകുന്നത്. നഗര  ഗ്രാമ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും വാഗ്ദാനം ചെയ്തതുപോലെ പദ്ധതി നടപ്പാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാന സമ്പദ്ഘടനയായി കേരളത്തെ മാറ്റിയെടുക്കാന്‍ ഇത്തരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കാകും. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ നടക്കുന്ന രാജ്യമാണ് നമ്മുടേത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 700ലധികം ഇന്‍ര്‍നെറ്റ് ഷട്ട്ഡൗണുകളാണ് നമ്മുടെ രാജ്യത്ത് നടന്നത്. അങ്ങനെയൊരു രാജ്യത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ജനകീയ ബദല്‍ മാതൃക തീര്‍ക്കുകയാണെന്നും ഇന്റര്‍നെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച കേരളം ആരും പിന്തള്ളപ്പെട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കി റിയല്‍ കേരളാ സ്‌റ്റോറി രചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഫോണ്‍ പദ്ധതി വിശദമാക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി പ്രസന്റേഷനിലൂടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ കൊമേഷ്യല്‍ വെബ് പേജും (www.kfon.in) മന്ത്രി എം.ബി രാജേഷ് 'എന്റെ കേഫോണ്‍' മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്തു. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെഫോണ്‍ മോഡം പ്രകാശനവും നിര്‍വഹിച്ചു. കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, വി.കെ പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം, ശോഭന .വി ഐ.ടി.എസ് (ഡി.ഡി.ജി ടെക്‌നോളജി), ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശങ്കര സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് സെക്രട്ടറിയും കെഫോണ്‍ ചെയര്‍മാനുമായ ഡോ. രത്തന്‍ യു. ഖേല്‍കര്‍ ചടങ്ങിന് സ്വാഗതവും കെഫോണ്‍ ജനറല്‍ മാനേജര്‍ മോസസ് രാജകുമാര്‍ ചടങ്ങിന് നന്ദിയും പറഞ്ഞു. ചടങ്ങില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും മണ്ഡലം തലങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ നിന്ന് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

കെഫോണിലൂടെ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇന്‍ര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍  ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എം.ബി.പി.എസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും. കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധാരണക്കാര്‍ക്ക് കെഫോണ്‍ വരിക്കാരാകാന്‍ സാധിക്കും. പ്ലേസ്‌റ്റോറിലും ആപ്പ്‌സ്‌റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.
 

Top